Wednesday, March 27, 2013


കന്യക മറിയാസ്‌ കിച്ചണ്‍ ക്വീന്‍: ഷെറിന്‍ മുഹമ്മദ്‌ ജേതാവ്‌; മോഹന്‍ലാല്‍ അവാര്‍ഡ്‌ സമ്മാനിച്ചു

mangalam malayalam online newspaper
കൊച്ചി: രുചിക്കൂട്ടിന്റെ പെരുമ നിറഞ്ഞ സദസിനു സുകൃതമായി കന്യക മറിയാസ്‌ കിച്ചണ്‍ ക്വീന്‍ മത്സരവിജയികള്‍ക്ക്‌ നടന്‍ മോഹന്‍ലാല്‍ അവാര്‍ഡ്‌ സമ്മാനിച്ചു. നാവിന്‍തുമ്പില്‍ രുചിയുടെ മുകുളങ്ങള്‍ വിരിയിച്ച്‌ ഭക്ഷണ സംസ്‌കാരത്തിന്റെ മഹിമയെ ഓര്‍മപ്പെടുത്തിയ കന്യക മറിയാസ്‌ കിച്ചണ്‍ ക്വീന്‍ മത്സരം കൊച്ചിക്ക്‌ സമ്മാനിച്ചത്‌ അനുപമനിമിഷങ്ങള്‍. ഒപ്പം, നവരസങ്ങള്‍ വിരിയിക്കുന്ന താരങ്ങളും സംഗമിച്ചതോടെ ചടങ്ങ്‌ പകരംവയ്‌ക്കാനില്ലാത്തതായി.
മൂന്നുമാസമായി കന്യകയുടെ നേതൃത്വത്തില്‍ നടത്തിയ കിച്ചണ്‍ക്വീന്‍ മത്സരത്തില്‍ തിരുവനന്തപുരം മണക്കാട്‌ കുഞ്ചിരവിള ഷെറിന്‍ മുഹമ്മദ്‌ ജേതാവായി.കന്യക മാനേജിംഗ്‌ എഡിറ്റര്‍ റ്റോഷ്‌മ ബിജുവര്‍ഗീസിന്റെ മൂന്നു വ്യത്യസ്‌ത പാചക പുസ്‌തകങ്ങള്‍ ചടങ്ങില്‍ മോഹന്‍ലാല്‍ പ്രകാശനം ചെയ്‌തു. ഭക്ഷണത്തെ സ്‌നേഹിക്കാനും ബഹുമാനിക്കാനും ആസ്വദിക്കാനും അറിയാവുന്ന സംസ്‌കാരത്തെ ഓര്‍മപ്പെടുത്തിയാണു മലയാളത്തിന്റെ മഹാനടന്‍ വാക്കുകള്‍ ചേര്‍ത്തുവച്ചത്‌. മാഗസിനില്‍ രണ്ടു വര്‍ഷത്തോളം പാചകക്കുറിപ്പുകള്‍ എഴുതിയ കാലം ഓര്‍ത്തെടുത്ത മോഹന്‍ലാല്‍ അതിനുപിന്നിലെ രഹസ്യവും വെളിപ്പെടുത്തി. ഭക്ഷണം കഴിക്കുന്ന വീടുകളില്‍നിന്ന്‌ ഇഷ്‌ടവിഭവത്തിന്റെ രുചിക്കൂട്ട്‌ ചോദിച്ചറിയും. ഇതു വീട്ടിലെത്തി പരീക്ഷിച്ച ശേഷമായിരുന്നു പാചകക്കുറിപ്പില്‍ വിവരിച്ചിരുന്നത്‌.
ഒരു വീട്ടിലെ മഹത്തായ രുചിക്കൂട്ട്‌ ലോകെത്ത അറിയിക്കാനാണു ശ്രമിച്ചത്‌. ഭക്ഷണത്തെ ഏറെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ സ്വന്തമായി പാചകംചെയ്‌തു ശീലിച്ചത്‌. ഇതേ കാരണത്താലാണു വിദേശത്തടക്കം ആധുനികതയും പാരമ്പര്യവും ചേര്‍ത്തുവച്ച ഭക്ഷണശാലകള്‍ തുടങ്ങിയത്‌. കറിപ്പൊടികളും മറ്റും വിപണനംചെയ്‌ത കാലവും മോഹന്‍ലാല്‍ ഓര്‍മിച്ചു.
മോഹന്‍ലാലിന്റെ വാക്കുകളില്‍ നിറഞ്ഞ രുചിപ്പെരുമയെ കൂട്ടുപിടിച്ചാണ്‌ നടന്‍ ബാല തുടങ്ങിയത്‌. എല്ലാ ഭാഷാ സിനിമകളിലും സൂപ്പര്‍സ്‌റ്റാറുകളുണ്ട്‌. അവരെല്ലാം സിനിമ വിജയിപ്പിക്കാനായി ഭക്ഷണം കഴിക്കാതെ സിക്‌സ്‌പാക്‌ ശരീരവുമായാണ്‌ നടപ്പ്‌. എന്നാല്‍ അവരുടെയൊക്കെ സിനിമകള്‍ എട്ടുനിലയില്‍ പൊട്ടുമ്പോഴും ഭക്ഷണം കൂടുതല്‍ കഴിച്ച്‌ തടിച്ചുകൊണ്ടിരിക്കുന്ന ലാലേട്ടന്റെ സിനിമകള്‍ വന്‍ വിജയമാകുന്നതിന്റെ വിസ്‌മയം ബാല പങ്കുവച്ചപ്പോള്‍ സദസില്‍ പൊട്ടിച്ചിരി ഉയര്‍ന്നു. അടുക്കളിയിലേക്ക്‌ തിരിഞ്ഞുനോക്കിയിട്ടില്ലാത്തതിന്റെ കുറ്റബോധം മീരാനന്ദന്‍ മറച്ചുവച്ചില്ല. എന്നാല്‍ അമ്മയും മുത്തശിയും നല്ല പാചകക്കാരികളായിരുന്നുവെന്നും അതിനാല്‍ അടുക്കളയില്‍ രുചിക്കൂട്ടുകള്‍ പരീക്ഷിച്ചാല്‍ താനും നല്ലൊരു പാചകക്കാരിയാകുമെന്നതില്‍ സംശയം തെല്ലുമില്ലെന്നും മീരാനന്ദന്‍ പറഞ്ഞു. ഭക്ഷണം കഴിക്കുന്നതില്‍ ഒട്ടും പിന്നോട്ടില്ലെന്നും മീര മനസുതുറന്നു.
കന്യക മാനേജിംഗ്‌ എഡിറ്റര്‍ റ്റോഷ്‌മ ബിജുവര്‍ഗീസിന്റെ പാചകക്കുറിപ്പുകള്‍ ചെറുപ്പം മുതലേ വായിച്ച്‌ അതിനൊപ്പം പാചകരംഗത്തു പിച്ചവച്ചാണു താന്‍ നല്ലൊരു പാചകക്കാരിയായതെന്ന്‌ നടി സരയൂ പറഞ്ഞു. റ്റോഷ്‌മ ബിജുവര്‍ഗീസ്‌ രചിച്ച പുസ്‌തകങ്ങളെക്കുറിച്ച്‌ നിരൂപക രാധിക സി. നായര്‍ സംസാരിച്ചു.
കന്യക മറിയാസ്‌ കിച്ചണ്‍ ക്വീന്‍ മത്സരത്തില്‍ ഒന്നാമതെത്തിയ ഷെറിന്‍ മുഹമ്മദിന്‌ മോഹന്‍ലാല്‍ ട്രോഫി സമ്മാനിച്ചു. രണ്ടാമതെത്തിയ കൊച്ചി സ്വദേശി അനു പാട്രിക്കിന്‌ ബാല ട്രോഫി നല്‍കി. ഗ്രീന്റിച്ച്‌ ഹോളിഡേയ്‌സ്‌ എം.ഡി. ജിതിനും മറിയാമ്മാ ദേവസിക്കുട്ടിയും ചേര്‍ന്ന്‌ കാഷ്‌ അവാര്‍ഡും പുരസ്‌കാരവും സമ്മാനിച്ചു.
മൂന്നാമതെത്തിയ െഷെജ ശശിക്ക്‌ മീരാനന്ദന്‍ ട്രോഫി നല്‍കി. റ്റോഷ്‌മ ബിജുവര്‍ഗീസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. നാലാമതെത്തിയ കെ.പി. അഫ്‌സത്തിന്‌ സരയൂ ട്രോഫിനല്‍കി. മറിയാസ്‌ എക്‌സ്‌പോര്‍ട്‌സിലെ ടോം മാത്യു കാഷ്‌ അവാര്‍ഡ്‌ നല്‍കി. ജോണ്‍ പോള്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കി. അഞ്ചാമതെത്തിയ െലെല റാണിക്ക്‌ മംഗളം ഗ്രൂപ്പ്‌ മാനേജിംഗ്‌ എഡിറ്റര്‍ ബിജു വര്‍ഗീസ്‌ ട്രോഫി സമ്മാനിച്ചു. ഗായിക അമൃതയുടെ പ്രാര്‍ഥനാഗീതത്തോടെയാണു ചടങ്ങ്‌ തുടങ്ങിയത്‌. തുടര്‍ന്നു മലയാള സിനിമാത്തറവാട്ടിലെ അമ്മയായ സുകുമാരിയുടെ വിയോഗത്തില്‍ അനുശോചിച്ചു മൗനപ്രാര്‍ഥന നടത്തി. കന്യക എഡിറ്റര്‍ എ. ചന്ദ്രശേഖരന്‍ സ്വാഗതവും സബ്‌ എഡിറ്റര്‍ ബിജു. സി നന്ദിയും പറഞ്ഞു.