Friday, November 26, 2010

നെല്ലിക്ക കൊണ്ട് വിവിധ വിഭവങ്ങള്‍


നെല്ലിക്ക അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - ഒരു കിലോ
നല്ലെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍
ഉലുവ - 1/2 ടീസ്പൂണ്‍
കറിവേപ്പില - ആറ് ഇതള്‍
ഇഞ്ചി (കനം കുറച്ച് നീളത്തില്‍
അരിഞ്ഞത്) - 1 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി (തൊലികളഞ്ഞ്
നീളത്തില്‍ അരിഞ്ഞത്)
- 1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 1 ടേബിള്‍സ്പൂണ്‍
തിളപ്പിച്ച് ആറിച്ച വെള്ളം - ഒരുകപ്പ്
വിന്നാഗിരി - 2 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
ശര്‍ക്കര ചീവിയത് - 1/2 ടീസ്പൂണ്‍
തയാറാക്കേണ്ട വിധം
നല്ലെണ്ണ ചൂടാവുമ്പോള്‍ കടുകിട്ട് പൊട്ടിച്ചശേഷം ഉലുവയും കൂടിയിട്ട് മൂപ്പിക്കുക. പിന്നീട് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. തീ കുറച്ചശേഷം മുളകുപൊടിയും മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക. മൂപ്പിച്ചശേഷം നെല്ലിക്ക, ഉപ്പ്, ശര്‍ക്കര എന്നിവ ചേര്‍ത്ത് നെല്ലിക്ക - വരളുന്നതുവരെ വഴറ്റുക. വിന്നാഗിരി, വെള്ളം എന്നിവ ചേര്‍ത്ത് നെല്ലിക്ക ചെറുതായി വേവിക്കുക.
ചൂടാറിയശേഷം കുപ്പിയില്‍ പകര്‍ന്നുവയ്ക്കുക. ആവശ്യാനുസരണം എടുത്തുപയോഗിക്കാം.

തേന്‍ നെല്ലിക്ക
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - രണ്ട് കിലോ
ശര്‍ക്കര - രണ്ട് കിലോ
തേന്‍ - രണ്ട് കിലോ

തയാറാക്കേണ്ടവിധം
നല്ലതുപോലെ കഴുകി വൃത്തിയാക്കി തുടച്ച മണ്‍ഭരണിയില്‍ ശര്‍ക്കര പൊടിച്ച് നിരത്തി അതിന്റെ മുകളില്‍ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ഇടുക. ഏറ്റവും മീതെയായി തേന്‍ ഒഴിക്കുക. വായു കടക്കാത്തവിധം ഭരണിയുടെ അടപ്പ് ചേര്‍ത്തടച്ചശേഷം അതിന് മുകളില്‍ ഗോതമ്പ് കുഴച്ചെടുത്ത് തേച്ചുപിടിപ്പിക്കുക. പതിനഞ്ചുദിവസം കഴിഞ്ഞ് അടപ്പുതുറന്ന് നെല്ലിക്ക നന്നായി ഇളക്കി വീണ്ടും പഴയതുപോലെ വായു കടക്കാത്തവിധം മൂടിക്കെട്ടി വയ്ക്കണം. ഒരു മാസം കഴിഞ്ഞ് തേന്‍ നെല്ലിക്ക എടുത്തുപയോഗിക്കാം.

നെല്ലിക്ക ഉപ്പിലിട്ടത്

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - രണ്ട് കിലോ
വെള്ളം - ആറ് കപ്പ്
പൊടിയുപ്പ് - ഒരു കപ്പ്
കാന്താരിമുളക് - ഒരു കപ്പ്
കായം - അര ടീസ്പൂണ്‍

തയാറാക്കേണ്ട വിധം
നെല്ലിക്ക തിളച്ചവെള്ളത്തില്‍ ഇട്ട് വാട്ടി കോരിവയ്ക്കുക. വെള്ളം ഉപ്പിട്ട് നന്നായി തിളപ്പിച്ച ശേഷം കലക്കി അരിച്ചെടുത്ത് മാറ്റിവയ്ക്കുക. ഇതില്‍ വാട്ടിയെടുത്ത നെല്ലിക്കയും കായവും കാന്താരിമുളകും ഇട്ട് ഇളക്കി യോജിപ്പിച്ചശേഷം നന്നായി കഴുകി വൃത്തിയാക്കി ഉണങ്ങിയ ഭരണിയില്‍ ഇട്ടുവയ്ക്കുക.
തയാറാക്കിയ നെല്ലിക്കാ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ ഇടയ്ക്കിടയ്ക്ക് വെയിലത്തുവയ്ക്കുന്നത് നന്നായിരിക്കും.

നെല്ലിക്കാക്കറി
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - പത്ത്
വെള്ളം - രണ്ട് ഗ്‌ളാസ്
ഉപ്പ് - 1 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്പൂണ്‍
കടുക് - ഒരു നുള്ള്
ഉണക്കമുളക് - രണ്ടെണ്ണം
കറിവേപ്പില - രണ്ട് ഇതള്‍
തേങ്ങ ചിരവിയത് - അരക്കപ്പ്
പച്ചമുളക് - ഒന്ന്
ചുവന്നുള്ളി - ഒന്ന്
ജീരകം - ഒരു നുള്ള്
മുളകുപൊടി - 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തൈര് - ഒരു കപ്പ്

തയാറാക്കേണ്ട വിധം
ഉപ്പിട്ട് വെള്ളം തിളപ്പിച്ച് അതിലേക്ക് നെല്ലിക്കയിട്ട് വേവിക്കുക. നെല്ലിക്ക വെന്തുകഴിഞ്ഞ് വെള്ളം ഊറ്റിക്കളഞ്ഞശേഷം കുരുകളഞ്ഞ് കഷ്ണങ്ങളാക്കിവയ്്ക്കുക. പിന്നീട് വെളിച്ചെണ്ണ, കടുക്, കറിവേപ്പില, ഉണക്കമുളക് എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. തേങ്ങ തരുതരുപ്പായി അരച്ചെടുക്കുക. പച്ചമുളക്, ചുവന്നുള്ളി, ജീരകം, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ നന്നായി അരച്ചെടുത്തതും തേങ്ങ തരുതരുപ്പായി അരച്ചെടുത്തതും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് നെല്ലിക്കയും തൈരുംകൂടി ചേര്‍ത്ത് ഇളക്കി ചൂടാക്കി വാങ്ങുക.

സ്‌പൈസി ഗൂസ്‌ബെറി ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - 4 എണ്ണം
ഇഞ്ചി - 1 കഷ്ണം
ഉപ്പ് - 2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി - 1/2 ടീസ്പൂണ്‍
തണുത്തവെള്ളം - 2 ഗ്‌ളാസ്

തയാറാക്കേണ്ട വിധം
നെല്ലിക്ക കുരുകളഞ്ഞ് കഷ്ണങ്ങളാക്കുക. ഇത്്, ഇഞ്ചി, വെള്ളം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. ഇത് നന്നായി അരിച്ചശേഷം ഉപ്പ്, കുരുമുളകുപൊടി, ഐസ്‌കട്ട എന്നിവ ചേര്‍ത്ത് ടോള്‍ ഗ്‌ളാസില്‍ വിളമ്പാവുന്നതാണ്.

നെല്ലിക്ക ആപ്പിള്‍ ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - 6 എണ്ണം
വെള്ളം - 2 ഗ്‌ളാസ്
ആപ്പിള്‍ - ഒന്ന്
പഞ്ചസാര - 1 1/2 ടേബിള്‍ സ്പൂണ്‍

തയാറാക്കേണ്ട വിധം
നെല്ലിക്ക കുരുകളഞ്ഞ് കഷ്ണങ്ങളാക്കുക. ഇത് വെള്ളം, പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. ഇതില്‍ കുരുകളഞ്ഞ് കഷ്ണങ്ങളാക്കിയ ആപ്പിള്‍ ചേര്‍ത്ത് വീണ്ടും നന്നായി അടിക്കുക. അതിനുശേഷം നന്നായി അരിച്ചെടുത്ത് ഗ്‌ളാസിലേക്ക് പകര്‍ന്ന് കുടിക്കാവുന്നതാണ്.


ഫ്‌ളേവേര്‍ഡ് നെല്ലിക്ക ജ്യൂസ്
ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - 4 എണ്ണം
തക്കോലം - 1/2
പഞ്ചസാര അല്ലെങ്കില്‍ തേന്‍- ഒരു ടേബിള്‍സ്പൂണ്‍
തണുത്തവെള്ളം - 1 ഗ്‌ളാസ്

തയാറാക്കേണ്ട വിധം
നെല്ലിക്ക കുരുകളഞ്ഞ് കഷ്ണങ്ങളാക്കുക. ഇത് വെള്ളം, പഞ്ചസാര, തക്കോലം എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരയ്ക്കുക. അതിനുശേഷം ഇതില്‍ ഐസ്‌കട്ട ചേര്‍ത്ത് ഗ്‌ളാസിലേക്ക് പകര്‍ന്ന് കുടിക്കാവുന്നതാണ്.


മിന്റ് നെല്ലിക്ക ജ്യൂസ്

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക - 4 എണ്ണം
തണുത്തവെള്ളം - രണ്ട് ഗ്‌ളാസ്
പൊതിനയില - 1/4 കപ്പ്
പഞ്ചസാര - 1 1/2 ടേബിള്‍ സ്പൂണ്‍

തയാറാക്കേണ്ട വിധം
നെല്ലിക്ക കുരുകളഞ്ഞ് കഷ്ണങ്ങളാക്കുക. ഇത് വെള്ളം, പഞ്ചസാര എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ നന്നായി അരിക്കുക. അതിനുശേഷം വൃത്തിയാക്കിയ പൊതിനയില ചേര്‍ത്ത് വീണ്ടും അടിച്ച് അടിക്കുക. ഇതില്‍ ഐസ്‌കട്ട ഇട്ട് ഗ്‌ളാസില്‍ ഒഴിച്ച് ഉടനെ ഉപയോഗിക്കുക.


നെല്ലിക്ക സ്‌ക്വാഷ്

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്കാനീര് - ഒരു കപ്പ്
ഇഞ്ചിനീര് - 1 ടേബിള്‍സ്പൂണ്‍
പൊട്ടാസ്യം മെറ്റാ ബൈസള്‍ഫേറ്റ്
- 1/8 ടീസ്പൂണ്‍
പഞ്ചസാര - രണ്ട് കപ്പ്
വെള്ളം - മൂന്ന് കപ്പ്

തയാറാക്കേണ്ട വിധം
നെല്ലിക്കയും വെള്ളവും മിക്‌സിയില്‍ അരച്ച് അരിച്ച് നീരെടുക്കുക. പഞ്ചസാരയും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് പാനി തയാറാക്കിയശേഷം തണുക്കാന്‍ വയ്ക്കുക. തണുത്തശേഷം എടുത്തുവച്ചിരിക്കുന്ന ഇഞ്ചിനീരും നെല്ലിക്കാനീരും ഇതിലേക്ക് ചേര്‍ക്കുക. പൊട്ടാസ്യം മെറ്റാബൈ സള്‍ഫേറ്റ് കുറച്ച് സ്‌ക്വാഷില്‍ കലക്കി ബാക്കി സ്‌ക്വാഷിന്റെ കൂടെ ചേര്‍ക്കുക. ഇത് കുപ്പിയിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം 1/4 ഗ്‌ളാസ് സ്‌ക്വാഷില്‍ 3/4 ഗ്‌ളാസ് തണുത്തവെള്ളം ചേര്‍ത്ത് വിളമ്പാം.


നെല്ലിക്ക ജാം

ആവശ്യമുള്ള സാധനങ്ങള്‍
നെല്ലിക്ക (വിളഞ്ഞത്) - രണ്ടരക്കിലോ
പഞ്ചസാര - രണ്ടരക്കിലോ
വെള്ളം - ഒരു ലിറ്റര്‍

തയാറാക്കേണ്ട വിധം
അടിക്കട്ടിയുള്ള പാത്രത്തില്‍ നെല്ലിക്കയിട്ട് വെള്ളം ചേര്‍ക്കുക. ഇത് അടുപ്പില്‍വച്ച് മുപ്പതുമിനിറ്റ് നെല്ലിക്ക മയംവരുന്നതുവരെ തിളപ്പിക്കുക. അതിനുശേഷം ഉടച്ച് കുരുകളയുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി അലിയുന്നതുവരെ തിളപ്പിക്കണം. ജാം പരുവമാകുമ്പോള്‍ അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുക. അതിനുശേഷം വൃത്തിയുള്ള കുപ്പികളില്‍ പകര്‍ത്തിവയ്ക്കുക.