ഗാര്‍ലിക് - മിന്റ് പുലാവ്
ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണി അരി - ഒന്നരകപ്പ്
കാരറ്റ് അരിഞ്ഞത് - അരക്കപ്പ്
കാപ്‌സിക്കം - കാല്‍കപ്പ്
പുതിനയില - കാല്‍കപ്പ്
ഇഞ്ചി - കാല്‍കപ്പ്
ഡാല്‍ഡ - രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - നാല് ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
തയാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് പാനില്‍ ഡാല്‍ഡ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, കാപ്‌സിക്കം ഇവ വഴറ്റുക. പച്ചക്കറികളുടെ നിറം മാറുന്നതിനുമുന്‍പ് കുരുമുളകുപൊടി വേവിച്ച ബിരിയാണി അരി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. പിന്നീട് പുതിനയില ചേര്‍ത്തിളക്കി രണ്ടുമിനിറ്റ് വഴറ്റിയതിനുശേഷം അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുക.
കരിക്ക് ദോശ
ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 2 കപ്പ്
കരിക്ക് - ഒന്ന്
ജീരകം - അരടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
തയാറാക്കുന്നവിധം
മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത പച്ചരിയും അധികം മൂക്കാത്ത കരിക്കിന്റെ വെള്ളവും, കരിക്കും, ജീരകവും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ദോശക്കല്ല് നന്നായി ചൂടായതിനുശേഷം എണ്ണ പുരട്ടി ദോശ ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക. ചൂടോടെ മുളക് പൊട്ടിച്ചതിനൊപ്പം വിളമ്പാവുന്നതാണ്.
അടതട്ടി
ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - കാല്‍കപ്പ്
തുവരപ്പരിപ്പ് - കാല്‍കപ്പ്
പച്ചരി - കാല്‍കപ്പ്
സവാള ചെറുതായി അരിഞ്ഞത് - ഒന്ന്
വറ്റല്‍മുളക് ചതച്ചത് - 4 എണ്ണം
കായപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 3 തണ്ട്
കുരുമുളകുപൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്നവിധം
ഉഴുന്ന്, തുവരപ്പരിപ്പ്, പച്ചരി എന്നിവ രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം നന്നായി അരച്ചെടുക്കുക. അരച്ച മാവിലേക്ക് പാകത്തിന് ഉപ്പ്, സവാള, കായപ്പൊടി, ചതച്ച വറ്റല്‍മുളക്, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടായ ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് ഒഴിച്ചശേഷം അല്‍പ്പം എണ്ണ തടവി ചുട്ടെടുക്കുക. ഉള്ളിയും മുളകിനുമൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്.
ഉലുവ കുറുക്കിയത്
ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒരു കപ്പ്
ഉലുവ - രണ്ടര സ്പൂണ്‍
ശര്‍ക്കര - അര മുതല്‍ ഒരു കപ്പുവരെ
തേങ്ങ ചിരകിയത് - ഒരു കപ്പ്
നെയ്യ് - രണ്ട് ടീസ്പൂണ്‍
ഏത്തപ്പഴം - ഒന്ന്
വെള്ളം - പാകത്തിന്
ഏലയ്ക്ക - 3 എണ്ണം പൊടിച്ചത്
തയാറാക്കുന്നവിധം
ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത പച്ചരിയും ഉലുവയും തരിയോടുകൂടി തേങ്ങയോടൊപ്പം അരച്ചെടുക്കുക. അരച്ചമാവ് ഒരു പാത്രത്തിലേക്ക് എടുത്ത് മാവില്‍ പാകത്തിന് വെള്ളം ചേര്‍ത്തശേഷം ശര്‍ക്കരയും നെയ്യും ചേര്‍ത്ത് അടുപ്പില്‍വച്ച് ഇളക്കുക. കുറുകിവരുന്ന പാകത്തില്‍ വാങ്ങിവച്ചശേഷം അരിഞ്ഞുവച്ച പഴവും അല്‍പ്പം നെയ്യും, ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. ചൂടാറിയതിനുശേഷം ഉപയോഗിക്കാം.
റവ കൊഴുക്കട്ട
ആവശ്യമുള്ള സാധനങ്ങള്‍
വറുത്ത റവ - ഒരു കപ്പ്
ശര്‍ക്കര - അരക്കപ്പ്
തേങ്ങ - അരക്കപ്പ്
ജീരകം - അരടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അരടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
കൊഴുക്കട്ടയ്ക്ക് ഉരുട്ടിയെടുക്കുന്നതുപോലെ റവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിനകത്തായി ശര്‍ക്കരയും തേങ്ങയും ജീരകവും നന്നായി ചേര്‍ത്ത് കുഴച്ചത് ഓരോ റവ ഉരുളയ്ക്കകത്തുവച്ച് ഫില്‍ ചെയ്യുക. പിന്നീട് ആവിയില്‍ പുഴുങ്ങി ആറിയതിനുശേഷം ഉപയോഗിക്കാം.
അവല്‍ ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് - ഒരെണ്ണം വലുത് ചെറുതായി നുറുക്കിയത്
തേങ്ങ - 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
കടുക് - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
ഉള്ളി - ആറെണ്ണം
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
വെള്ളം - പാകത്തിന്
തയാറാക്കുന്ന വിധം
അവല്‍ നന്നായി കഴുകി പിഴിഞ്ഞെടുക്കുക. കടുക്, ഉള്ളി, പച്ചമുളക് എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. ഇതിനോടൊപ്പം ഉരുളക്കിഴങ്ങ് നുറുക്കിയത്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളം ചേര്‍ത്ത് അടച്ചു വേവിക്കുക. വെന്തതിനു ശേഷം ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഒന്നുകൂടെ ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റിയതിനുശേഷം തേങ്ങ ചേര്‍ത്ത് ഇളക്കി ചൂടോടെ പപ്പടത്തോടൊപ്പം വിളമ്പാവുന്നതാണ്.
ഗോതമ്പ് നുറുക്ക് ഉപ്പുമാവ്
ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
ഉള്ളി അരിഞ്ഞത് - 3 ടേബിള്‍സ്പൂണ്‍
തേങ്ങ - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - പാകത്തിന്
കടുക് - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളക് - നാലെണ്ണം ചതച്ചത്
കറിവേപ്പില - ഒരു തണ്ട്
വെള്ളം - ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ഉള്ളി, കറിവേപ്പില, കടുക്, വറ്റല്‍മുളക് ചതച്ചത് എന്നിവ എണ്ണയില്‍ മൂപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതില്‍ ഗോതമ്പു നുറുക്ക് വേവിക്കുക. വെന്തതിനുശേഷം തേങ്ങാ തൂവി ചൂടോടെ ഉപയോഗിക്കാം.