Wednesday, June 15, 2011

അത്താഴത്തിന് ഏഴു പുതുവിഭവങ്ങള്‍



ഗാര്‍ലിക് - മിന്റ് പുലാവ്

ആവശ്യമുള്ള സാധനങ്ങള്‍
ബിരിയാണി അരി - ഒന്നരകപ്പ്
കാരറ്റ് അരിഞ്ഞത് - അരക്കപ്പ്
കാപ്‌സിക്കം - കാല്‍കപ്പ്
പുതിനയില - കാല്‍കപ്പ്
ഇഞ്ചി - കാല്‍കപ്പ്
ഡാല്‍ഡ - രണ്ട് ടേബിള്‍സ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത് - നാല് ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍

തയാറാക്കുന്ന വിധം
ഒരു നോണ്‍സ്റ്റിക് പാനില്‍ ഡാല്‍ഡ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കാരറ്റ്, കാപ്‌സിക്കം ഇവ വഴറ്റുക. പച്ചക്കറികളുടെ നിറം മാറുന്നതിനുമുന്‍പ് കുരുമുളകുപൊടി വേവിച്ച ബിരിയാണി അരി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കി യോജിപ്പിക്കുക. പിന്നീട് പുതിനയില ചേര്‍ത്തിളക്കി രണ്ടുമിനിറ്റ് വഴറ്റിയതിനുശേഷം അടുപ്പില്‍നിന്ന് വാങ്ങിവയ്ക്കുക.

കരിക്ക് ദോശ

ആവശ്യമുള്ള സാധനങ്ങള്‍
പച്ചരി - 2 കപ്പ്
കരിക്ക് - ഒന്ന്
ജീരകം - അരടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്

തയാറാക്കുന്നവിധം
മൂന്നുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത പച്ചരിയും അധികം മൂക്കാത്ത കരിക്കിന്റെ വെള്ളവും, കരിക്കും, ജീരകവും ഉപ്പും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ദോശക്കല്ല് നന്നായി ചൂടായതിനുശേഷം എണ്ണ പുരട്ടി ദോശ ചുട്ടെടുക്കുന്നതുപോലെ ചുട്ടെടുക്കുക. ചൂടോടെ മുളക് പൊട്ടിച്ചതിനൊപ്പം വിളമ്പാവുന്നതാണ്.

അടതട്ടി

ആവശ്യമുള്ള സാധനങ്ങള്‍
ഉഴുന്ന് - കാല്‍കപ്പ്
തുവരപ്പരിപ്പ് - കാല്‍കപ്പ്
പച്ചരി - കാല്‍കപ്പ്
സവാള ചെറുതാ
യി അരിഞ്ഞത് - ഒന്ന്
വറ്റല്‍മുളക് ചതച്ചത് - 4 എണ്ണം
കായപ്പൊടി - ഒരു നുള്ള്
കറിവേപ്പില - 3 തണ്ട്
കുരുമുളകുപൊടി - അരടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്

തയാറാക്കുന്നവിധം
ഉഴുന്ന്, തുവരപ്പരിപ്പ്, പച്ചരി എന്നിവ രണ്ടുമണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തശേഷം നന്നായി അരച്ചെടുക്കുക. അരച്ച മാവിലേക്ക് പാകത്തിന് ഉപ്പ്, സവാള, കായപ്പൊടി, ചതച്ച വറ്റല്‍മുളക്, കുരുമുളകുപൊടി, കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി ഇളക്കുക. ചൂടായ ദോശക്കല്ലില്‍ എണ്ണപുരട്ടി മാവ് ഒഴിച്ചശേഷം അല്‍പ്പം എണ്ണ തടവി ചുട്ടെടുക്കുക. ഉള്ളിയും മുളകിനുമൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്.

ഉലുവ കുറുക്കിയത്

ആവശ്യമായ സാധനങ്ങള്‍
പച്ചരി - ഒരു കപ്പ്
ഉലുവ - രണ്ടര സ്പൂണ്‍
ശര്‍ക്കര - അര മുതല്‍ ഒരു കപ്പുവരെ
തേങ്ങ ചിരകിയത് - ഒരു കപ്പ്
നെയ്യ് - രണ്ട് ടീസ്പൂണ്‍
ഏത്തപ്പഴം - ഒന്ന്
വെള്ളം - പാകത്തിന്
ഏലയ്ക്ക - 3 എണ്ണം പൊടിച്ചത്

തയാറാക്കുന്നവിധം
ഒരു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത പച്ചരിയും ഉലുവയും തരിയോടുകൂടി തേങ്ങയോടൊപ്പം അരച്ചെടുക്കുക. അരച്ചമാവ് ഒരു പാത്രത്തിലേക്ക് എടുത്ത് മാവില്‍ പാകത്തിന് വെള്ളം ചേര്‍ത്തശേഷം ശര്‍ക്കരയും നെയ്യും ചേര്‍ത്ത് അടുപ്പില്‍വച്ച് ഇളക്കുക. കുറുകിവരുന്ന പാകത്തില്‍ വാങ്ങിവച്ചശേഷം അരിഞ്ഞുവച്ച പഴവും അല്‍പ്പം നെയ്യും,
ഏലയ്ക്കാപ്പൊടിയും ചേര്‍ക്കുക. ചൂടാറിയതിനുശേഷം ഉപയോഗിക്കാം.

റവ കൊഴുക്കട്ട
ആവശ്യമുള്ള സാധനങ്ങള്‍
വറുത്ത റവ - ഒരു കപ്പ്
ശര്‍ക്കര - അരക്കപ്പ്
തേങ്ങ - അരക്കപ്പ്
ജീരകം - അരടീസ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് - അരടീസ്പൂണ്‍
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം
കൊഴുക്കട്ടയ്ക്ക് ഉരുട്ടിയെടുക്കുന്നതുപോലെ റവ വെള്ളം ചേര്‍ത്ത് കുഴയ്ക്കുക. അതിനകത്തായി ശര്‍ക്കരയും തേങ്ങയും ജീരകവും നന്നായി ചേര്‍ത്ത് കുഴച്ചത് ഓരോ റവ ഉരുളയ്ക്കകത്തുവച്ച് ഫില്‍ ചെയ്യുക. പിന്നീട് ആവിയില്‍ പുഴുങ്ങി ആറിയതിനുശേഷം ഉപയോഗിക്കാം.


അവല്‍ ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങള്‍
ഉരുളക്കിഴങ്ങ് - ഒരെണ്ണം വലുത് ചെറുതായി നുറുക്കിയത്
തേങ്ങ - 2 ടേബിള്‍സ്പൂണ്‍
പച്ചമുളക് - 2 എണ്ണം
കടുക് - ഒരു ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി - അരടീസ്പൂണ്‍
ഉള്ളി - ആറെണ്ണം
ഉപ്പ് - പാകത്തിന്
എണ്ണ - ആവശ്യത്തിന്
വെള്ളം - പാകത്തിന്

തയാറാക്കുന്ന വിധം
അവല്‍ നന്നായി കഴുകി പിഴിഞ്ഞെടുക്കുക. കടുക്, ഉള്ളി, പച്ചമുളക് എന്നിവ എണ്ണയില്‍ വഴറ്റിയെടുക്കുക. ഇതിനോടൊപ്പം ഉരുളക്കിഴങ്ങ് നുറുക്കിയത്, ഉപ്പ്, മഞ്ഞള്‍പ്പൊടി എന്നിവ വെള്ളം ചേര്‍ത്ത് അടച്ചു വേവിക്കുക. വെന്തതിനു ശേഷം ഇതിലേക്ക് അവല്‍ ചേര്‍ത്ത് ഒന്നുകൂടെ ചെറുതീയില്‍ വേവിക്കുക. വെള്ളം വറ്റിയതിനുശേഷം തേങ്ങ ചേര്‍ത്ത് ഇളക്കി ചൂടോടെ പപ്പടത്തോടൊപ്പം വിളമ്പാവുന്നതാണ്.

ഗോതമ്പ് നുറുക്ക് ഉപ്പുമാവ്

ആവശ്യമുള്ള സാധനങ്ങള്‍
ഗോതമ്പ് നുറുക്ക് - ഒരു കപ്പ്
ഉള്ളി അരിഞ്ഞത് - 3 ടേബിള്‍സ്പൂണ്‍
തേങ്ങ - 2 ടേബിള്‍ സ്പൂണ്‍
എണ്ണ - പാകത്തിന്
കടുക് - ഒരു ടേബിള്‍സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
മുളക് - നാലെണ്ണം ചതച്ചത്
കറിവേപ്പില - ഒരു തണ്ട്
വെള്ളം - ആവശ്യത്തിന്

തയാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ ഉള്ളി, കറിവേപ്പില, കടുക്, വറ്റല്‍മുളക് ചതച്ചത് എന്നിവ എണ്ണയില്‍ മൂപ്പിക്കുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ഇതില്‍ ഗോതമ്പു നുറുക്ക് വേവിക്കുക. വെന്തതിനുശേഷം തേങ്ങാ തൂവി ചൂടോടെ ഉപയോഗിക്കാം.




Thursday, June 2, 2011

സ്വാദൂറും നാടന്‍ കറികള്‍

മത്തങ്ങാക്കറി

ആവശ്യമുള്ള സാധനങ്ങള്‍
1. മത്തങ്ങ ചെറിയ കഷണങ്ങളാക്കിയത്‌ - 500 ഗ്രാം
2. ചുവന്നമുളക്‌, അരിഞ്ഞത്‌ - നാലെണ്ണം
ചുവന്നുള്ളി അല്ലി - എട്ടെണ്ണം
പച്ചമുളക്‌ - നാല്‌
ഇഞ്ചി - ഒരു കഷണം
3. വെളിച്ചെണ്ണ - രണ്ട്‌ ടീസ്‌പൂണ്‍
കറിവേപ്പില - രണ്ട്‌ തണ്ട്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം:
മത്തങ്ങ വേവിച്ച്‌, അതില്‍ ചുവന്ന മുളക്‌ അരിഞ്ഞത്‌, ചുവന്നുള്ളി, പച്ചമുളക്‌, ഇഞ്ചി ഇവ ചതച്ചതും ഇടുക. ഒന്നുകൂടി തിളച്ചുകഴിയുമ്പോള്‍ ഇതില്‍ പാകത്തിന്‌ ഉപ്പുചേര്‍ത്ത്‌ വെളിച്ചെണ്ണയും ഒഴിക്കുക. കറിവേപ്പില ചേര്‍ത്ത്‌ അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക. ചൂടോടെ വിളമ്പാം.

ഉള്ളി സാമ്പാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ചുവന്നുള്ളി, നീളത്തില്‍ രണ്ടായി അരിഞ്ഞത്‌ - 200 ഗ്രാം
പച്ചമുളക്‌, രണ്ടായി കീറിയത്‌ - അഞ്ച്‌
3. തുവരപ്പരിപ്പ്‌ - 50 ഗ്രാം
ഉപ്പ്‌ - പാകത്തിന്‌
വാളന്‍പുളി - പാകത്തിന്‌
3. സാമ്പാര്‍പൊടി - മൂന്ന്‌ ടീസ്‌പൂണ്‍
4. വെളിച്ചെണ്ണ - രണ്ട്‌ ടീസ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
വറ്റല്‍മുളക്‌, രണ്ടായി മുറിച്ചത്‌ - മൂന്നെണ്ണം
കറിവേപ്പില - രണ്ടുതണ്ട്‌

തയാറാക്കുന്ന വിധം:
ചീനച്ചട്ടിയില്‍ അല്‍പ്പം എണ്ണയൊഴിച്ച്‌ ചൂടാക്കി ചുവന്നുള്ളി അരിഞ്ഞതും പച്ചമുളകും ലേശം വാട്ടിയെടുക്കുക. തുവരപ്പരിപ്പ്‌ വേവിച്ച്‌ അതില്‍ വാട്ടിയ ചുവന്നുള്ളി, പച്ചമുളക്‌, വെള്ളം, ഉപ്പ്‌, പുളി എന്നിവ ചേര്‍ത്ത്‌ തിളപ്പിക്കുക. നല്ലതുപോലെ തിളച്ചുകഴിയുമ്പോള്‍ ഇതില്‍ സാമ്പാര്‍പൊടി ചേര്‍ത്തിളക്കുക. തിളയ്‌ക്കാറാവുമ്പോള്‍ വാങ്ങിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിക്കുക. വറ്റല്‍മുളകും കറിവേപ്പിലയും ചേര്‍ത്ത്‌ മൂപ്പിച്ചശേഷം വേവിച്ച സാമ്പാറില്‍ ഒഴിച്ച്‌ വയ്‌ക്കുക.

പുതിന ചട്‌നി

ആവശ്യമുള്ള സാധനങ്ങള്‍
1. പുതിനയില - ഒരു കപ്പ്‌
2. എണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ - രണ്ട്‌
വറ്റല്‍മുളക്‌ - രണ്ട്‌
കായപ്പൊടി - 1/2 ടീസ്‌പൂണ്‍
ഉഴുന്ന്‌ - മൂന്ന്‌ ടീസ്‌പൂണ്‍
കടുക്‌ - രണ്ട്‌ ടീസ്‌പൂണ്‍
വാളന്‍പുളി - ഒരു ചെറിയ ഉരുള
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം:
പുതിനയില ചീനച്ചട്ടിയിലിട്ട്‌ ഒരു മിനിറ്റ്‌ അടച്ചുവച്ചു വേവിക്കുക. അതിനുശേഷം ഇളക്കി വറക്കുക.
ഒരു ടേബിള്‍സ്‌പുണ്‍ എണ്ണയില്‍ പച്ചമുളക്‌, വറ്റല്‍മുളക്‌ , കായപ്പൊടി, ഉഴുന്ന്‌, കടുക്‌ എന്നിവ ചൂടാക്കുക. ഉഴുന്ന്‌ സ്വര്‍ണ്ണനിറമാവുന്നതുവരെ മൂപ്പിക്കുക. അതിനുശേഷം പുതിനയിലയും പുളിയും ഉപ്പുംആവശ്യത്തിനു വെള്ളവും ചേര്‍ത്ത്‌ അരച്ചെടുക്കുക. ദോശ, ഇഡ്‌ഡലി, വട, ചൂടുചോറ്‌ ഇവയ്‌ക്കൊപ്പം വിളമ്പാം.

പപ്പായ ചെറുപയര്‍ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍
1. പപ്പായ ഗ്രേറ്റ്‌ ചെയ്‌തത്‌ - നാല്‌ കപ്പ്‌
2. ചെറുപയര്‍ വേവിച്ചത്‌ - രണ്ട്‌ കപ്പ്‌
3. തേങ്ങ തിരുമ്മിയത്‌ - രണ്ട്‌ കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
വെളുത്തുള്ളി - അഞ്ച്‌ അല്ലി
ചുവന്നുള്ളി - നാല്‌
പച്ചമുളക്‌ - നാല്‌
ഇഞ്ചി - രണ്ടു കഷണം
4. വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ചുവന്നുള്ളി വട്ടത്തില്‍ അരിഞ്ഞത്‌ - ഒരു ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - മൂന്നു തണ്ട്‌
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം:
തേങ്ങ, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുള്ളി ഇഞ്ചി ഇവ ഒരുമിച്ച്‌ തരുതരുപ്പായി അരയ്‌ക്കുക. ഒരു പാത്രത്തില്‍ ചെറുപയര്‍ വേവിക്കുക. കുഴിവുള്ള പാത്രത്തില്‍ പപ്പായ എടുത്തശേഷം ഉപ്പുതളിച്ച്‌ മൂടിവച്ച്‌ ആവികയറ്റുക. നല്ലതുപോലെ ആവികയറി വെന്തുകഴിയുമ്പോള്‍ അരപ്പുചേര്‍ത്ത്‌ ഇളക്കി മൂടിവയ്‌ക്കുക. അരപ്പ്‌ വെന്തുകഴിയുമ്പോള്‍ വേവിച്ച ചെറുപയര്‍ ചേര്‍ത്തിളക്കി ഒന്നുകൂടി ആവികയറ്റിയശേഷം അടുപ്പില്‍ നിന്നു വാങ്ങിവയ്‌ക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിക്കുക. ചുവന്നുള്ളിയും കറിവേപ്പിലയും ചേര്‍ത്ത്‌ മൂപ്പിക്കുക. പിന്നീട്‌ വേവിച്ച പപ്പായയും ചെറുപയറും ഇതില്‍ കുടഞ്ഞിട്ട്‌ ഇളക്കി വാങ്ങിവയ്‌ക്കുക. ചൂടുചോറിനൊപ്പം വിളമ്പാവുന്നതാണ്‌.

ചക്കക്കുരു വെള്ള ഉലര്‍ത്ത്‌

ആവശ്യമുള്ള സാധനങ്ങള്‍
1. ചക്കക്കുരു തീരെ കനംകുറച്ച്‌ നീളത്തില്‍ അരിഞ്ഞത്‌ - രണ്ട്‌ കപ്പ്‌
2. വെള്ളം - മുക്കാല്‍കപ്പ്‌
3. തേങ്ങ - ഒരു കപ്പ്‌
വെളുത്തുള്ളി - എട്ട്‌ അല്ലി
ചുവന്നുള്ളി - ആറെണ്ണം
ഇഞ്ചി - ഒരു കഷണം
ഉപ്പ്‌ - പാകത്തിന്‌
4. വെളിച്ചെണ്ണ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
കടുക്‌ - ഒരു ടീസ്‌പൂണ്‍
ചുവന്നുള്ളി അരിഞ്ഞത്‌ - ഒരു ടീസ്‌പുണ്‍
കറിവേപ്പില - രണ്ട്‌ തണ്ട്‌

തയാറാക്കുന്ന വിധം:
ചക്കക്കുരു അല്‍പ്പം വെള്ളമൊഴിച്ച്‌ വേവിക്കുക. തേങ്ങ, വെളുത്തുള്ളി, ചുവന്നുള്ളി, ഇഞ്ചി ഇവ ഒരുമിച്ചാക്കി തരുതരുപ്പായി അരയ്‌ക്കുക. ചക്കക്കുരു ഏകദേശം വെന്തുകഴിയുമ്പോള്‍ അരപ്പും ഉപ്പും ചേര്‍ത്ത്‌ ഇളക്കി മൂടിവയ്‌ക്കുക. അരപ്പ്‌ ആവികയറി വെന്തു വെള്ളം വറ്റുമ്പോള്‍ അടുപ്പില്‍നിന്നും വാങ്ങിവയ്‌ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകിട്ട്‌ പൊട്ടിക്കുക. ചുവന്നുള്ളി അരിഞ്ഞത്‌ ചേര്‍ത്ത്‌ മൂപ്പിക്കുക. കറിവേപ്പിലയും ചേര്‍ത്ത്‌ മൂപ്പിച്ചു കഴിയുമ്പോള്‍ ഇതിലേക്ക്‌ ചക്കക്കുരു കുടഞ്ഞിട്ട്‌ ഇളക്കി നല്ലതുപോലെ ഉലര്‍ത്തിയെടുക്കുക. ചോറിനൊപ്പം ചൂടോടെ വിളമ്പാവുന്നതാണ്‌.

ഇലുമ്പന്‍പുളി വാട്ടി അച്ചാര്‍

ആവശ്യമുള്ള സാധനങ്ങള്‍
1. ഇലുമ്പന്‍പുളി, ഉപ്പും മുളകുപൊടിയും പുരട്ടി വെയിലത്തുവച്ചു വാട്ടിയത്‌ - 250 ഗ്രാം
എണ്ണ - മൂന്നു ടേബിള്‍ സ്‌പൂണ്‍
കടുക്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
വെളുത്തുള്ളി, രണ്ടായി കീറിയത്‌ - ഇരുപത്‌ അല്ലി
ഇഞ്ചി, ഒരിഞ്ചുനീളത്തില്‍ കനംകുറച്ച്‌ അരിഞ്ഞത്‌ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
കയപ്പൊടി - 1/2 ടീസ്‌പൂണ്‍
ഉലുവാപ്പൊടി - 1/2 ടീസ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - രണ്ട്‌ തണ്ട്‌
വെള്ളം - 1/2 കപ്പ്‌

തയ്യാറാക്കുന്ന വിധം:
ഇലുമ്പന്‍പുളി ഉപ്പും മുളകുപൊടിയും പുരട്ടി രണ്ടുദിവസം വെയിലത്തുവച്ച്‌ വാട്ടിയെടുക്കുക. ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി അതില്‍ വെളുത്തുള്ളിയും ഇഞ്ചിയും മൂപ്പിച്ച്‌ കോരുക. ഈ എണ്ണയില്‍ തന്നെ കടുകിട്ട്‌ പൊട്ടിക്കുക. ഉലുവാപ്പൊടിയും കായപ്പൊടിയും കറിവേപ്പിലയും ചേര്‍ക്കുക. ഇതില്‍ മൂപ്പിച്ചുകോരിയ വെളുത്തുള്ളിയും ഇഞ്ചിയും ഉണങ്ങിയ ഇലുമ്പന്‍പുളിയും ചേര്‍ത്തിളക്കുക. അല്‍പ്പം വെള്ളം കൂടി ഒഴിച്ച്‌ കുറുകിയ പരുവത്തില്‍ ചൂടാക്കി വാങ്ങിവയ്‌ക്കുക. ആവശ്യമെങ്കില്‍ മാത്രം ഉപ്പുചേര്‍ക്കുക. നല്ലതുപോലെ ചൂടാറിയശേഷം കുപ്പിയില്‍ പകര്‍ത്തി സൂക്ഷിക്കാം.

ഉണക്കച്ചെമ്മീന്‍ പീര

ആവശ്യമുള്ള സാധനങ്ങള്‍
1. ഉണക്കച്ചെമ്മീന്‍, തലയും വാലും കളഞ്ഞത്‌ - 150 ഗ്രാം
2. തേങ്ങ ചിരവിയത്‌ - ഒരു കപ്പ്‌
മഞ്ഞള്‍പ്പൊടി - ഒരു ടീസ്‌പൂണ്‍
ചുവന്നുള്ളി - ആറെണ്ണം
പച്ചമുളക്‌ - നാല്‌
ഇഞ്ചി - രണ്ട്‌ കഷണം
3. കുടംപുളി - നാല്‌ കഷണം
വെള്ളം - അരക്കപ്പ്‌
ഉപ്പ്‌ - പാകത്തിന്‌
കറിവേപ്പില - രണ്ടുതണ്ട്‌
വെളിച്ചെണ്ണ - ഒരു ടേബിള്‍സ്‌പൂണ്‍

തയാറാക്കുന്ന വിധം:
ഉണക്കച്ചെമ്മീന്‍ കുതിരാന്‍വേണ്ടി പതിനഞ്ചുമിനിറ്റ്‌ വെള്ളത്തില്‍ ഇട്ടുവയ്‌ക്കുക. അതിനുശേഷം വെള്ളം തോരാന്‍വയ്‌ക്കുക. തേങ്ങ ചിരവിയത്‌, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്‌ ഇവ ചേര്‍ത്ത്‌ തരുതരുപ്പായി അരയ്‌ക്കുക. കുടംപുളി കഴുകി വൃത്തിയാക്കി അഞ്ചുമിനിറ്റ്‌ വെള്ളത്തില്‍ കുതിരാന്‍ വയ്‌ക്കുക. ഉണക്കച്ചെമ്മീന്‍ വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങ അരപ്പു ചേര്‍ക്കുക. കുടംപുളിയും ഉപ്പും വെള്ളവും കറിവേപ്പിലയും ചേര്‍ത്ത്‌ നല്ലതുപോലെ ഇളക്കി അരമണിക്കൂര്‍ വേവിക്കുക. വെള്ളം തോര്‍ന്ന്‌ അടുപ്പില്‍ നിന്നു വാങ്ങുന്നതിനുമുമ്പായി ഒരു ടേബിള്‍ സ്‌പൂണ്‍ വെളിച്ചെണ്ണ ചേര്‍ക്കുക. ഒരു മിനിറ്റ്‌ ചൂടാക്കിയശേഷം വാങ്ങിവയ്‌ക്കുക.